വണ്ടിപ്പെരിയാര്‍: ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് പെരുന്തേനീച്ചയുടെ കൂടില്‍ തട്ടിയതോടെ 58 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 12.30 നാണ് സംഭവം. കുമളിയില്‍നിന്നു ഗവി വഴി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരേയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
വാഹനത്തില്‍ 58 യാത്രക്കാരും രണ്ട് ഡ്രൈവറും ഒരു കണ്ടക്ടറുമാണുണ്ടായിരുന്നത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഗവി സ്വദേശി നാരായണനെ (47) കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 23 പേര് ചുരക്കുളം പ്രാഥമിക ആശുപത്രിയില്‍ ചികിത്സ തേടി.
വീതി കുറഞ്ഞ വഴിയില്‍ എതിരേ വരികയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനുവേണ്ടി ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് മരച്ചില്ലയിലെ തേനീച്ചക്കൂട്ടിലേക്ക് ബസ് തട്ടിയത്. ഇതോടെ തേനീച്ചകള്‍ കൂട്ടത്തോടെ ബസിനകത്തേക്ക് പാഞ്ഞുകയറി യാത്രക്കാരെ കുത്താന്‍ തുടങ്ങി. ഡ്രൈവര്‍ ബസില്‍നിന്നു ചാടിയിറങ്ങി മറ്റൊരു വാഹനത്തില്‍ വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വാഹനങ്ങളുമായെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
മലപ്പുറം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ പ്രദേശത്തുനിന്നു വിനോദസഞ്ചാരത്തിന് എത്തിയവരാണ് ബസില്‍ കൂടുതലായും ഉണ്ടായിരുന്നത്. കോഴിക്കോട് സ്വദേശികളായ മൂന്ന് കുട്ടികള്‍ തേനീച്ചയുടെ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.